CHRIST CHURCH VIDYAPITH, KODUKULANJI 2016-17 Report

ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠ്, കോടുകുളഞ്ഞി
2016-17 വാര്‍ഷിക റിപ്പോര്‍ട്ട്

അനുഗ്രഹകരമായി ഒരു വര്‍ഷം നടത്തി പരിപാലിച്ച ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നു.

മൂല്യബോധവും കര്‍മ്മശേഷിയും ഉള്ള യുവാക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക കോടുകുളഞ്ഞിയില്‍ 1999ല്‍ ആരംഭിച്ച വിദ്യാപീഠം അതിന്‍റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രയാണം അനവരതം തുടരുന്നു. രാഷ്ട്ര പുനഃനിര്‍മ്മാണ പ്രക്രിയയില്‍ സമൂഹത്തോടൊപ്പം ചേര്‍ന്ന് വിദ്യാഭ്യാസ രംഗത്ത് പുതിയ മാനങ്ങള രചിക്കുവാന്‍ പ്രാപ്തമായ വിദ്യാഭ്യാസ സ്ഥാപനമായി വിദ്യാപീഠം രൂപപ്പെട്ടു. ഉത്തമമായ ഒരു പാഠ്യപദ്ധതിയില്‍ നല്ല വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യം നമ്മുടെ 200 വര്‍ഷത്തെ പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ സാദ്ധ്യമാകുമെന്ന് പ്രത്യാശിക്കുന്നു.

2016 ജൂണ്‍ 1ന് സ്കൂള്‍ മദ്ധ്യവേനല്‍ അവധിക്ക് ശേഷം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പ്ലേ സ്കൂളുകള്‍ മുതല്‍ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 400-ല്‍ പരം വിദ്യാര്‍ത്ഥികള്‍ വിദ്യാപീഠത്തില്‍ അഭ്യസനം നടത്തുണ്ട്. എല്ലാ ദിവസവും അദ്ധ്യാപകര്‍ ഒരുമിച്ച് ചേര്‍ന്നുള്ള പ്രാര്‍ത്ഥനയോടെ ക്ലാസുകള്‍ ആരംഭിക്കുന്നു. ഉന്നത ബിരുദവും പരിശീലനവും സിദ്ധിച്ചതായ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ കമ്പ്യൂട്ടറിന്‍റേയും മറ്റും സഹായത്തോടെ ക്ലാസ്സുകള്‍ നടത്തപ്പെടുന്നു.

2016-17 അദ്ധ്യയന വര്‍ഷം വ്യത്യസ്തമായ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാപീഠ് കാഴ്ചവച്ചു.

2016 ജൂണ്‍ 5ന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കുട്ടികളില്‍ പരി സ്ഥിതി സംരക്ഷണം ജീവിതചര്യയായി രൂപപ്പെടുത്തണം എന്ന ആഹ്വാനം പ്രസ്തുത പരിപാടിയിലൂടെ നല്കുകയുണ്ടായി. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, അദ്ധ്യാപകദിനം, ശിശുദിനം, ഓണം, ക്രിസ്തുമസ് മുതലായ ദിനങ്ങളും സമുചിതയമായി ആചരിച്ചു. മഹായിടവകയുടെ അഭിമുഖ്യത്തിലും അതോടൊപ്പം സി.ബി.എസ്.ഇ. സഹോദയയുടെ നേതൃത്വത്തില്‍ നടന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി. കോട്ടയം റിട്രീറ്റ് സെന്‍ററില്‍ ദ്വിശതാബ്ദിയുടെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിലും കുട്ടികള്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി.

2017 മാര്‍ച്ചില്‍ നടക്കുന്ന സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിലേക്ക് ആദ്യത്തെ ബാച്ച് കുട്ടികളെ നന്നായി തയ്യാറാക്കി അയയ്ക്കുവാന്‍ സാധിച്ചു. ഉന്നതവിജയം പ്രതീക്ഷിക്കുന്നു.

പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, ബര്‍സാര്‍ എന്നിവരെ കൂടാതെ 25 അദ്ധ്യാപകര്‍, ക്ലര്‍ക്ക്, പി.ആര്‍.ഒ. 5 ഡ്രൈവര്‍മാര്‍, 5 ആയമാര്‍, 1 സെക്യൂരിറ്റി തുടങ്ങിയവര്‍ സേവനം ചെയ്യുന്നുണ്ട്. 3 സ്കൂള്‍ ബസ്സുകളിലായി സമീപ പ്രദേശത്തു നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നു. നമ്മുടെ സ്കൂള്‍ കോംപ്ലക്സിന്‍റെ ഗ്രൗണ്ട് ഫ്ളോര്‍ എല്ലാ സൗകര്യങ്ങളോടുംകൂടിയ ക്ലാസുമുറികളായി രൂപപ്പെടുത്തി 2017-18ല്‍ ക്ലാസുകള്‍ ആരംഭിക്കുവാന്‍ സജ്ജമാക്കികൊണ്ടിരിക്കുന്നു.

ആവശ്യങ്ങള്‍: സ്കൂളിന്‍റെ പൊതുവായ ആവശ്യത്തിന് ഒരു ആഡിറ്റോറിയം അനിവാര്യമാണ്. 500 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ വിശാലമായ ആഡിറ്റോറിയമായി രൂപപ്പെടുത്താവുന്ന സ്ട്രക്ച്ചര്‍ നമുക്കുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് പ്രസ്തുത പദ്ധതിക്ക് തടസ്സമാകുന്നു. പുതിയ സ്കൂള്‍ ബസ്സ്, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, കമ്പ്യൂട്ടറുകള്‍, ഉപകരണങ്ങള്‍ എന്നിവയും അത്യാവശ്യമായും ഉണ്ടാകേണ്ടിയിരിക്കുന്നു. സ്കൂള്‍ ഗ്രൗണ്ട് കായിക പരിശീലനങ്ങള്‍ക്ക് അനുയോജ്യമാക്കേണ്ടിയിരിക്കുന്നു.

2016-17 അദ്ധ്യായന വര്‍ഷം പ്രിന്‍സിപ്പാളായി സേവനം ചെയ്ത പ്രൊഫ. എം.വി.ജോര്‍ജ് നല്‍കിയ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. ശ്രീമതി ലിബി എലിസബത്ത് മാത്യു ആക്ടിംഗ് പ്രിന്‍സിപ്പാളായി സേവനം ചെയ്തുവരുന്നു. ശ്രീ. കെ. ജി. സാമുവേല്‍ മെയ്മാസം മുതല്‍ പ്രിന്‍സിപ്പാള്‍ ആയി സേവനം ചെയ്യുന്നതാണ്. സ്കൂള്‍ ബര്‍സാര്‍ ശ്രീ. ഐപ്പ് ജോണ്‍ സാറിനോടുള്ള നന്ദി അറിയിക്കുന്നു. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് ഇടവക വികാരി റവ. സാം മാത്യു കാവുങ്കലിന്‍റെ നേതൃത്വത്തില്‍ സഭയുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ വിദ്യാപീഠത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്റ്റ് ചര്‍ച്ച് കൈക്കാരന്മാരായ ചാണ്ടി സി. ജോര്‍ജ്ജ്, കോശി വര്‍ഗീസ്, റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള, കമ്മറ്റി അംഗങ്ങള്‍ തുടങ്ങി എല്ലാ സഭാംഗങ്ങളുടെയും സഹായത്തിന് ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു. മഹായിടവ ബിഷപ്പും സി.എസ്.ഐ. മോഡറേറ്ററുമായ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി, മഹായിടവക ഭാരവാഹികള്‍, കോര്‍പ്പറേറ്റ് മാനേജര്‍ ശ്രീ. ജോസ് പായിക്കാട്, മഹായിടവക എജ്യുക്കേഷന്‍ ബോര്‍ഡ് സ്കൂള്‍ മാനേജ്മെന്‍റ് കമ്മറ്റി തുടങ്ങി എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.

ഈ അദ്ധ്യായന വര്‍ഷം സ്കൂളിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പല സഹായങ്ങളും ലഭിക്കുകയുണ്ടായി. കമ്പ്യൂട്ടറുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, പ്രൊജക്ടര്‍ മുതലായവ സംഭാവന നല്‍കിയവരോടുള്ള നന്ദി അറിയിക്കുന്നു. സ്കൂളിലേക്കുള്ള റോഡ് അഭ്യുംദയകാംക്ഷികളുടേയും മറ്റു സഹായത്താല്‍ ടാറിംഗ് നടന്നു വരുന്നു.

രക്ഷകര്‍ത്താക്കളുടേയും ഇടവകജനങ്ങളുടേയും നല്ലവരായ നാട്ടുകാരുടേയും സഹകരണം സ്കൂളിന്‍റെ വളര്‍ച്ചയ്ക്ക് സഹായകരമായി. കോത്താരി കമ്മീഷന്‍റെ പ്രഥമ വാചകം ഇപ്രകാരം തുടങ്ങുന്നു. ڇഭാരതത്തിന്‍റെ ഭാവി ക്ലാസ്സുമുറികളില്‍ രൂപപ്പെടുന്നുڈ. എന്ന പ്രകാരം സമൂഹത്തിലെ സാധാരണക്കാരുടെ മക്കളെ ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കിവരുന്നു.

സാമൂഹ്യ പരിഷ്കരണത്തിനും രാഷ്ട്ര നിര്‍വഹണത്തിനും ഉദാത്ത മാതൃക കാട്ടിയ മിഷണറിമാരുടെ പാതയിലൂടെ ഗമിച്ച് വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം കോടുകുളഞ്ഞിയുടെ പ്രകാശഗോപുരമായി പരിലസിക്കട്ടെ. ഏവര്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നു.

ശ്രമതി ലിബി എലിസബത്ത് മാത്യു
(ആക്ടിങ്ങ് പ്രിന്‍സിപ്പാള്‍)

Similar Posts