CMS UPPER PRIMARY SCHOOL

cms

സി.എം.എസ്.യു.പി. സ്കൂള്‍ കോടുകുളഞ്ഞി 2015-16 വാര്‍ഷിക റിപ്പോര്‍ട്ട്

2015-16 അദ്ധ്യായന വര്‍ഷം ജൂണ്‍ 1-ാം തീയതി റവ. ഡോ. സാം റ്റി. മാത്യുവിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. പുതുതായി വന്നു ചേര്‍ന്ന കുട്ടികളെ പ്രവേശനോത്സവം പരിപാടിയിലൂടെ സമ്മാനകിറ്റുകള്‍ നല്‍കി സ്വാഗതം ചെയ്തു.

ഹെഡ്മിസ്ട്രസായി ശ്രീമതി സിസി സാമുവേല്‍ സേവനം അനുഷ്ഠിക്കുന്നു. തന്നാണ്ടില്‍ 8 അദ്ധ്യാപകരും 1 പ്യൂണും സേവനം ചെയ്യുന്നു. നഴ്സറി മുതല്‍ 7-ാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്. 2010 ല്‍ ആരംഭിച്ച നഴ്സറി ക്ലാസുകളും ഇംഗ്ലീഷ് മീഡിയവും മികച്ച രീതിയില്‍ നടന്നു വരുന്നു. സി. എം. എസ്. കോര്‍പ്പറേറ്റ് മാനേജര്‍ ആയി ശ്രീ. റ്റി. ജെ. മാത്യു ഐ.എ.എസ്. പുതുതായി ചാര്‍ജ്ജെടുത്തിരിക്കുന്നു. അദ്ദേഹം നമ്മുടെ സ്കൂള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

എല്ലാ പ്രവര്‍ത്തിദിനങ്ങളിലും 9.30ന് അദ്ധ്യാപകരുടെ പ്രാര്‍ത്ഥനയോടെ സ്കൂള്‍ പ്രയര്‍, വേദപഠനം എന്നിവ നടക്കുന്നു. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യോഗാ പരിശീലനത്തോടു കൂടെ അസംബ്ലി നടക്കുന്നു. കുട്ടികളുടെ വായനാശീലം വളര്‍ത്താനും ആനുകാലിക അറിവു നേടാനുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മലയാള മനോരമ, മംഗളം, കേരളകൗമുദി എന്നീ ദിനപത്രങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു. അവ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നവരോടുള്ള നന്ദിയും അറിയിക്കുന്നു. കുട്ടികളില്‍ ആത്മീക വളര്‍ച്ചയ്ക്കും മൂല്യബോധനത്തിനുമായി സീ മിഷന്‍, സി.ഇ.എഫ്. പ്രവര്‍ത്തകര്‍ ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ ക്ലാസെടുക്കുന്നു.

സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ നടക്കുന്നു. വിദ്യാരംഗം, കലാസാഹിത്യ വേദി, ഹെല്‍ത്ത്, പരിസ്ഥിതി ക്ലബുകള്‍, സാനിട്ടേഷന്‍ ക്ലബ്, സയന്‍സ്, സോഷ്യല്‍, ഗണിത ക്ലബുകള്‍ ഇവയില്‍ക്കൂടി പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. ജൂണ്‍ 5-ാം തീയതി സ്കൂള്‍ പരിസരത്ത് ചെടികള്‍ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ശ്രീനാരായണ വിശ്വധര്‍മ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ ഇതിന് നേതൃത്വം നല്‍കി. ജൂണ്‍19-ാം തീയതി സാഹിത്യകാരന്‍ ശ്രീ. തടിയൂര്‍ ഭാസിയുടെ നേതൃത്വത്തില്‍ വായനാ ദിനം ആചരിക്കുകയും വായനയുടെ ആവശ്യകതയെപ്പറ്റി കുട്ടികള്‍ക്ക് അവബോധം ഉണ്ടാക്കുകയും ചെയ്തു.

ഓഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ലോക്കല്‍ മാനേജര്‍ റവ. ഡോ. സാം റ്റി. മാത്യു പതാകയുയര്‍ത്തുകയും എയ്റോബിക്സിന്‍റെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടുകൂടി ചമ്മത്തുമുക്കില്‍ നിന്നും റാലി നടത്തപ്പെടുകയും ചെയ്തു. അദ്ധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും സഹകരണത്തോടെ ഈ വര്‍ഷവും ഓണാഘോഷവും ഓണ സദ്യയും നടന്നു. അത്തപ്പൂവിടില്‍, ഓണക്കളികള്‍ ഇവ കുട്ടികള്‍ക്ക് ആഹ്ലാദം നല്‍കി. വൈ.എം.സി.എ.യുടെ വകയായി മിഠായി വിതരണം ചെയ്തു.

ഈ വര്‍ഷവും ഒക്ടോബര്‍ 4-10 വരെ ഐ.എസ്.ആര്‍.ഒയുടെ ആഭിമുഖ്യത്തില്‍ ലോകബഹിരാകാശവാരാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഐ.എസ്.ആര്‍.ഒ. ഡയറക്ടറുടെ ഒപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയുണ്ടായി.

ഡിസംബര്‍ 19-ാം തീയതി ക്രിസ്തുമസ് ആഘോഷം ലോക്കല്‍ മാനേജര്‍ റവ. ഡോ. സാം റ്റി. മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ നടന്നു. വൈ.എം.സി.എ., കുട്ടികള്‍ക്ക് കേക്ക് നല്‍കി. വൈ.എം.സി.എ. നല്‍കിക്കൊണ്ടരിക്കുന്ന എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി അറിയിക്കുന്നു.

ഈ വര്‍ഷം യു.പി. ക്ലാസിലെ കുട്ടികള്‍ തിരുവനന്തപുരം മാജിക് പ്ലാനറ്റിലേക്കും എല്‍.പി. ക്ലാസിലെ കുട്ടികള്‍ അടൂര്‍ ഗ്രീന്‍വാലിയിലേക്കും പഠന വിനോദയാത്ര നടത്തുകയുണ്ടായി.

ഓള്‍ ഇന്ത്യ റ്റാലെന്‍റ് കണ്‍ടെസ്റ്റ് എക്സാമിനേഷന്‍ നഴ്സറി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി നടത്തപ്പെട്ടു. നമ്മുടെ 3 കുട്ടികള്‍ ഡിസ്ട്രിക്ട് തലത്തിലും 10 കുട്ടികള്‍ സ്കൂള്‍ ലെവലിലും സ്കോളര്‍ഷിപ്പ് നേടുകയുണ്ടായി. 10 കുട്ടികള്‍ക്ക് പ്രോത്സാഹനസമ്മാനങ്ങളും ലഭിച്ചു.

2015-2016 വര്‍ഷത്തെ മെട്രിക്മേള സ്കൂള്‍ തലത്തിലും പഞ്ചായത്ത് തലത്തിലും നടത്തി. പഞ്ചായത്ത് തലത്തില്‍ രണ്ടാം സ്ഥാനം നേടുകയുണ്ടായി. സബ്-ഡിസ്ട്രിക്റ്റ് ലെവലില്‍ നടന്ന ഇംഗ്ലീഷ് ഫെസ്റ്റിന് നമ്മുടെ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ മികവുത്സവത്തില്‍ പങ്കെടുക്കുകയും പഞ്ചായത്തു തലത്തില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. അന്തരിച്ച രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് മലയാള മനോരമ സംഘടിപ്പിച്ച “ഇന്ത്യ 2025” എന്ന വിഷയത്തെക്കുറിച്ച് സ്കൂള്‍തല ചര്‍ച്ചകള്‍ നടത്തി അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മനോരമയ്ക്ക് അയച്ചുകൊടുക്കുകയും ആ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു.

ജനുവരി മാസത്തില്‍ റിട്ട. അദ്ധ്യാപകന്‍ ശ്രീ. എം. കെ. ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ യു.പി. ക്ലാസിലെ കുട്ടികള്‍ക്കായി ശാസ്ത്രപരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ഓരോ കുട്ടിയ്ക്കും ഓരോ പരീക്ഷണം എന്ന രീതിയില്‍ ഇത് നടത്തപ്പെട്ടു. എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട ഈ പരിപാടിയിലൂടെ ശാസ്ത്രവിഷയങ്ങളില്‍ ആഭിമുഖ്യം വളര്‍ത്താന്‍ കഴിഞ്ഞു. ബഹുമാനപ്പെട്ട ഫിലിപ്പ് സാറിനോടുള്ള നന്ദി അറിയിക്കുന്നു.

മാവേലിക്കര നിയോജകമണ്ഡലം എം. പി. ശ്രീ. കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രാദേശിക ഫണ്ടില്‍ നിന്നും 5 കമ്പ്യൂട്ടറുകള്‍ ഈ വര്‍ഷം ലഭിച്ചു. എന്നാല്‍ യു. പി. എസ്.ഉം സ്പീക്കറും ലഭ്യമല്ലാതിരുന്നതിനാല്‍ ഇതിന്‍റെ ഉദ്ഘാടനം സാദ്ധ്യമായില്ല. എന്നാല്‍ കോടുകുളഞ്ഞി സുവാര്‍ത്താ ചാരിറ്റബിള്‍ ട്രസ്റ്റിനു നല്‍കിയ അപേക്ഷ പ്രകാരം 5 കമ്പ്യൂട്ടറുകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുവാനാവശ്യമായ ഒരു യു.പി.എസ്. 40,000 രൂപ ചിലവില്‍ നല്‍കുകയുണ്ടായി. ബഹുമാനപ്പെട്ട എം.പി. കൊടിക്കുന്നില്‍ സുരേഷിനോടും സുവാര്‍ത്ത ചാരിറ്റബിള്‍ ട്രസ്റ്റിനോടും ഉള്ള അകൈതവമായ നന്ദി അറിയിക്കുന്നു. അതോടൊപ്പം ഒരു കമ്പ്യൂട്ടര്‍ ടേബിള്‍ നല്‍കി സഹായിച്ച കിടായിക്കുഴിയില്‍ ശ്രീ. കെ.പി. ചെറിയാനോടുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു.

സ്വന്തം കുടുംബത്തിലെ മൂന്നു ജീവന്‍ രക്ഷിച്ച നമ്മുടെ നാലാം ക്ലാസുകാരി കുമാരി അനഘ എം.എം.ന് വീരമൃത്യു വരിച്ച ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍റെ പേരിലുള്ള ഏഷ്യാനെറ്റ് ബ്രേയ്വറി അവാര്‍ഡ് ലഭിക്കുകയുണ്ടായി. പാലക്കാട് നടന്ന അവാര്‍ഡ് ദാന ചടങ്ങിന്‍റെയും സ്കൂളിലും വീട്ടിലുമായി എടുത്ത ഷൂട്ടിംഗിന്‍റെയും സംപ്രേഷണം ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ലഭ്യമാകുകയുണ്ടായി. ഇത് സ്കൂളിനു ലഭിച്ച അംഗീകാരമായി കരുതുകയും അനഘയ്ക്ക് അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു.

നമ്മുടെ സ്കൂളില്‍ സന്മാര്‍ഗ്ഗ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ വന്നിരുന്ന ബഹുമാനപ്പെട്ട ഡേവിഡ് ദാനിയേല്‍ സാറിന്‍റെ പെട്ടെന്നുള്ള ദേഹവിയോഗം വളരെ വേദനാജനകമായിരുന്നു. അദ്ദേഹത്തിന്‍റെ സ്മരണകള്‍ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

സ്കൂളിന്‍റെ ചിരകാലാഭിലാഷമായിരുന്ന വാഹനം ഓടിത്തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. മാസംതോറും 20,000 രൂപ ചിലവു വരുന്നു. അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് ഇതിന്‍റെ ചിലവുകള്‍ വഹിക്കുന്നു.

കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ എന്‍ഡോവ്മെന്‍റുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ശ്രീ. വൈ. മാത്യു മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിന് ഈ സ്കൂളിലെ ശ്രീലക്ഷ്മി പണിക്കര്‍, അമല്‍കുമാര്‍, പാര്‍വതി പ്രകാശ്, മെര്‍ലിന്‍ ബി. എന്നിവരും പ്ലാന്തറയില്‍ പി. സി. ജോസഫ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിന് അക്സ ആന്‍ അലക്സാണ്ടര്‍, ആര്യാ മധു, ദേവിക സുരേഷ്, ഗ്ലാഡീസ് ബാബു, അനന്തു പി. എസ്. എന്നിവരും അര്‍ഹരായി.

വേദപാഠം പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നതിനും കുട്ടികളുടെ രോഗികളായ മാതാപിതാക്കളെ സഹായിക്കുവാനുമായി നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പെരുങ്കുഴിയില്‍ നിര്യാതയായ മദര്‍ റാഹേലുകുട്ടിയുടെ സ്മരണാര്‍ത്ഥം കുടുംബം 20000 രൂപയുടെ എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിനുവേണ്ട ക്രമീകരണം ചെയ്ത ശ്രീ. നെബു ചെറിയാന്‍ ജോര്‍ജിനോടുള്ള നന്ദിയും അറിയിച്ചുകൊള്ളുന്നു.

സ്കൂള്‍ വര്‍ഷാരംഭം മുതല്‍ അവസാനം വരെ ഞങ്ങളെ ക്ഷേമമായി കരുതിയ ദൈവാനുഗ്രഹങ്ങള്‍ക്കായി നന്ദികരേറ്റുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്ന ഞങ്ങളുടെ ലോക്കല്‍ മാനേജര്‍ റവ. ഡോ. സാം റ്റി. മാത്യു അച്ചനോടും, ചര്‍ച്ച് കമ്മറ്റി അംഗങ്ങളോടും, വൈ. എം. സി. എ., അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്സ,് ഓരോരുത്തരോടും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

174 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ മിഷനറിമാര്‍ കൊളുത്തിയ ദീപം കെടാതെ സൂക്ഷിക്കാന്‍ ദൈവം ഞങ്ങള്‍ക്ക് ശക്തി തരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. വരും കാലങ്ങളിലും മാനേജ്മെന്‍റുമായി സഹകരിച്ച് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ ഈ വിദ്യാലയത്തിന് കഴിയട്ടെ. അതോടൊപ്പം പോരായ്മകളിലും പ്രതികൂലങ്ങളിലും ഞങ്ങളെ നടത്തുന്ന സര്‍വ്വശക്തനായ ദൈവത്തിന് നന്ദി കരേറ്റിക്കൊണ്ട് ഈ റിപ്പോര്‍ട്ട് ഉപസംഹരിച്ചുകൊള്ളുന്നു.

Pages: 1 2 3 4

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top