CMS UPS, KODUKULANJI 2016-17 Report

2016-17 വര്‍ഷത്തെ അദ്ധ്യയനം 2016 ജൂണ്‍ 1-ാം തീയതി ബഹുമാനപ്പെട്ട ഇടവക വികാരിയും ലോക്കല്‍ മാനേജരുമായ റവ. സാം മാത്യു കാവുങ്കല്‍ അച്ചന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. പതിവായി രാവിലെ 9.25ന് അദ്ധ്യാപകരുടെ പ്രാര്‍ത്ഥനയും 9.30ന് വേദപഠന ക്ലാസ്സുകളും നടത്തുകയുണ്ടായി. 8 അദ്ധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്‍റും സേവനം ചെയ്യുന്നു. നേഴ്സറി ക്ലാസ്സുകള്‍ ഈ വര്‍ഷവും ഭംഗിയായി നടത്തപ്പെട്ടു. ശ്രീമതി ദീപ ആര്‍. നായര്‍, ലക്ഷ്മി മധു എന്നിവര്‍ നേതൃത്വം നല്കുന്നു. കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ ശ്രീമതി ബിന്‍സി തോമസ് കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ 13 വര്‍ഷമായി ഹെഡ്മിസ്ട്രസ്സായി സേവനം അനുഷ്ഠിച്ച ശ്രീമതി സിസ്സി സാമുവേല്‍ മെയ് 31ന് സേവനകാലം പൂര്‍ത്തീകരിച്ച് റിട്ടയര്‍ ചെയ്യുന്നു. ദൈവം ഏല്‍പ്പിച്ച കൃത്യങ്ങള്‍ ഇത്രത്തോളം ആത്മാര്‍ത്ഥമായി ചെയ്തു തീര്‍ക്കുവാന്‍ ഇടയായത് ദൈവകൃപകൊണ്ടു മാത്രം. ദൈവത്തിന് ആയിരമായിരം സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നു.

കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാന്‍ മലയാള മനോരമ, മംഗളം, മാതൃഭൂമി, കേരള കൗമുദി, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങള്‍ വിവിധ വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പോടെ ലഭിച്ചു വരുന്നു. സ്പോണ്‍സര്‍ ചെയ്തവരോടുള്ള നന്ദി അറിയിക്കുന്നു. സാഹിത്യകാരനായ ശ്രീ. തടിയൂര്‍ ഭാസി കുട്ടികള്‍ക്ക് വായനാ മത്സരം, കയ്യക്ഷര മത്സരം, സ്പെല്ലിംഗ് ടെസ്റ്റ് ഇവ നടത്തി സമ്മാനങ്ങള്‍ നല്‍കി വരുന്നു. കുട്ടികളെ പ്രോത്സാഹിപ്പിക്കുവാന്‍ സാര്‍ കാണിക്കുന്ന താത്പര്യം അഭിനന്ദനീയമാണ്. സാറിനോടുള്ള നന്ദി അറിയിക്കുന്നു.

ആഴ്ചയില്‍ ഒരു ദിവസം സീമിഷന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ ആത്മീയ വളര്‍ച്ചക്കുതകുന്ന വിധത്തില്‍ സന്മാര്‍ഗ്ഗ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഇതിന് നേതൃത്വം നല്കുന്ന ഡേവിഡ് ജോണ്‍സാറിനോടും മറ്റ് പ്രവര്‍ത്തകരോടുമുള്ള നന്ദി അറിയിക്കുന്നു.

ജൂണ്‍ ഒന്നാം തീയതി നടത്തിയ പ്രവേശനോത്സവത്തില്‍ പുതുതായി വന്നു ചെര്‍ന്ന കുട്ടികളെ സ്വാഗതം ചെയ്യുകയും ഇന്ത്യ എവരിഹോം ക്രൂസേഡിന്‍റെ സഹായത്തോടെ 25 കുട്ടികള്‍ക്ക് സ്കൂള്‍ ബാഗ്, കുട എന്നിവയും ഡോ. സിജു പോള്‍, കോടുകുളഞ്ഞി ഫെഡറല്‍ ബാങ്ക് ഉദ്യേഗസ്ഥ ശ്രീമതി ഉഷ എന്നിവരുടെ സഹായത്തില്‍ നോട്ടുബുക്കുകളും കുട്ടികള്‍ക്ക് നല്‍കാന്‍ സാധിച്ചു. India Every home crusade Director ശ്രീ. നൈനാന്‍ സാര്‍, ശ്രീ. തോമസ് ജോണ്‍, ഡോ. സിജു പോള്‍, ശ്രീമതി ഉഷ എന്നിവരോടുള്ള നിസീമമായ നന്ദി അറയിക്കുന്നു.

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആല കൃഷി ഓഫീസര്‍ ശ്രീമതി ധന്യ പരിസ്ഥിതി ക്ലബ്ബിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും തന്നാണ്ടിലെ കൃഷിക്ക് ആരംഭം കുറിക്കുകയും ചെയ്തു. പി.റ്റി.എ പ്രസിഡന്‍റ് ശ്രീമതി അംബിക സജിയുടെ നേതൃത്വത്തില്‍ പി.റ്റി.എ. അംഗങ്ങളുടെ സഹകരണത്തോടെ സ്കൂളില്‍ കൃഷി ആരംഭിക്കുകയും നല്ലൊരു വിളവെടുപ്പ് നടത്തുകയും ഉണ്ടായി. ഇതിന് അദ്ധ്വാനം ചെയ്ത ഏവരേയും നന്ദിയോടെ ഓര്‍ക്കുന്നു.

ജൂണ്‍ 19 മുതല്‍ വായനാവാരമായി ആചരിച്ചു. സമാപനത്തില്‍ ശ്രീ. തടിയൂര്‍ ഭാസി സാറിന്‍റെ പുസ്തക ശേഖരണത്തിന്‍റെ ഒരു പ്രദര്‍ശനം സ്കൂളില്‍ നടത്തുകയുണ്ടായി. തദവസരത്തില്‍ ഡോ. അശോക് അലക്സ് ഫിലിപ്പ് വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ പ്രഭാഷണം നടത്തുകയും സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്തു. അദ്ദേഹത്തോടും തടിയൂര്‍ ഭാസി സാറിനോടുമുള്ള നന്ദി അറിയിക്കുന്നു.

ജൂണ്‍ 27 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. എക്സല്‍ മീഡിയായുടെ അഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ടീം ആയി ഒരു സ്കിറ്റും അവതരിപ്പിച്ചു. ലഹരിയുടെ ദോഷ വശങ്ങള്‍ വ്യക്തമാക്കുന്ന ഒരു എക്സിബിഷനും നടത്തിയ പാസ്റ്റര്‍ ജയിംസ് ജോണിനോടും, ടീമിനോടുമുള്ള നന്ദി അറിയിക്കുന്നു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലോക്കല്‍ മാനേജര്‍ റവ. സാം മാത്യു കെ. പതാക ഉയര്‍ത്തി. ഈ വര്‍ഷത്തെ ഒണാഘോഷം സമുചിതമായി ആഘോഷിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും സമ്മാനങ്ങളും വൈ.എം.സി.എ. നല്‍കുകയുണ്ടായി. വൈ.എം.സി.എ. ഭാരവാഹികളോടുള്ള അകൈതവമായ നന്ദി അറിയിക്കുന്നു.

ചെങ്ങന്നൂര്‍ ട്രാഫിക് പോലീസ് എ.എസ്.ഐ. ശ്രീ. സുരേഷ് ബാബു സാര്‍ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമായി ڇപെണ്‍കുട്ടികളുടെ സുരക്ഷയും സമൂഹത്തില്‍ മയക്കുമരുന്നിന്‍റെ സ്വാധീനവുംڈ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വളരെ പ്രയോജനകരമായിരുന്ന ഈ ക്ലാസിന് നേതൃത്വം നല്‍കിയ സുരേഷ് ബാബു സാറിനോടുള്ള നന്ദി അറിയിക്കുന്നു.

ഈ വര്‍ഷത്തെ All India Talent Search സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ നമ്മുടെ 3 കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ ക്യാഷ് അവാര്‍ഡുകളും 5 കുട്ടികള്‍ക്ക് ഡിസ്ട്രിക്ട് തലത്തില്‍ ക്യാഷ് അവാര്‍ഡുകളും ലഭിച്ചത് അഭിമാനിക്കത്തക്ക നേട്ടം തന്നെയാണ്.

ഈ സ്കൂളിലെ കുട്ടികളെ വിവിധങ്ങളായ എന്‍ഡോവ്മെന്‍റുകള്‍ നല്‍കി സഹായിച്ച ഓരോരുത്തരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും അവരോടുള്ള നിസ്സീമമായ നന്ദി അറിയിക്കുകയും ചെയ്യുന്നു. ശ്രീ. വൈ. മാത്യു മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിനും പ്ലാന്തറയില്‍ പി. സി. ജോസഫ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിനും ഈ സ്കൂളിലെ താഴെപ്പറയുന്ന കുട്ടികള്‍ അര്‍ഹരായി. അനീറ്റ സുനി, ശ്രീലക്ഷ്മി പണിക്കര്‍, അറ്റ്സ ആന്‍ അലക്സാണ്ടര്‍, ആര്യ മധു, മെര്‍ലിന്‍ ബി., നയന ബിനു. എന്‍ഡോവ്മെന്‍റ്ഏര്‍പ്പെടുത്തിയ ശ്രീ. വൈ. മാത്യു സാറി്ന്‍റെയും പ്ലാന്തറ പി. സി. ജോസഫ് സാറിന്‍റെയും കുടുംബങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു.

കോടുകുളഞ്ഞി സി.എസ്.ഐ. സഭയും സി.എം.എസ്. യു.പി. സ്കൂളും 175-ാം വര്‍ഷത്തിന്‍റെ നിറവില്‍ ആയിരിക്കുമ്പോള്‍ ഈ സ്കൂളില്‍ 36 വര്‍ഷം അദ്ധ്യാപകനായി പ്രവര്‍ത്തിച്ച കല്ലുവെട്ടയ്യത്ത് ശ്രീ. എന്‍. ജി. ചാക്കോ സാറിന്‍റെ സ്മരണക്കായി അദ്ദേഹത്തിന്‍റെ മകന്‍ കേണല്‍ ജഗന്‍ ജേക്കബ് ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്കൂളിന് സംഭാവന നല്‍കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഈ പാര്‍ക്കിന്‍റെ ഉദ്ഘാടനം മെയ് മാസം 28-ാം തീയതി മദ്ധ്യകേരള മഹായിടവക ബിഷപ്പും സി.എസ്.ഐ. മോഡറേറ്ററുമായ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി നിര്‍വ്വഹിക്കുകയുണ്ടായി. അഭിവന്ദ്യ തിരുമേനിയോടുള്ള നിസീമമായ നന്ദി അറിയിക്കുന്നു. ശ്രീ. ജഗന്‍ ജേക്കബിനോടും കുടുംബത്തോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

സ്കൂളിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ട സഹായവും ഉപദേശവും നേതൃത്വവും നല്‍കി അനുഗ്രഹിച്ച ഇടവക വികാരി റവ. സാം മാത്യു കാവുങ്കല്‍, റവ. ചാണ്ടി ജോസ്, റവ. ഏബ്രഹാം കുരുവിള, ചര്‍ച്ച് വാര്‍ഡന്‍മാര്‍ ശ്രീ. കോശി വര്‍ഗീസ്, ശ്രീ. ചാണ്ടി സി. ജോര്‍ജ്ജ്, മറ്റ് കമ്മറ്റി അംഗങ്ങള്‍, വൈ.എം.സി.എ., യൂത്ത്മൂവ്മെന്‍റ്, വിമന്‍സ് ഫെലോഷിപ്പ് എന്നിവരോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. 2016-17 വര്‍ഷത്തില്‍ ഇത്രത്തോളം പരിപാലിച്ച ദൈവത്തിന് സ്തുതി സ്തോത്രങ്ങള്‍ അര്‍പ്പിച്ചുകൊണ്ടും വരും കാലങ്ങളില്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ നല്‍കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും ഈ റിപ്പോര്‍ട്ട് ഉപസംഹരിച്ചുകൊള്ളുന്നു.

Similar Posts