SPIRITUAL GUIDENCE

ഇടവകപ്പട്ടക്കാരന്റെ കത്ത് (June 2025)
യേശുക്രിസ്‌തുവിന്‍റെ നാമത്തില്‍ സ്‌നേഹവന്ദനം
പ്രിയരെ,
ഏവർക്കും സ്നേഹവന്ദനം. നിങ്ങളുടെ ശുശ്രൂഷകനായി നിയമിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കത്താണല്ലോ ഇത്. നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
പെന്തെക്കൊസ്തത് സംഭവം സഭയുടെ ചരിത്രത്തിലെ വളരെ അവിസ്‌മരണീയമായ ഒന്നാണ്. ഭീരുക്കളായി ഉൾവലിഞ്ഞിരുന്ന ശിഷ്യന്മാരും ആദിമ സഭയും ശക്തിയോടുകൂടി യേശുവിന്റെ സാക്ഷികളാകുന്നത് പെന്തെക്കൊസ്‌ത് സംഭവത്തിന് ശേഷമാണ്. ആത്മ നിറവിന്റെ അഭാവമാണ് നമ്മൾ പിന്മാറിപോകുവാനും പാപ ത്തിൽ അടിക്കടി വീഴുവാനും കാരണം. പരിശുദ്ധാത്മാവുമായുള്ള ബന്ധം എല്ലാ ക്രിസ്‌തു വിശ്വാസികൾക്കും ഉണ്ട് എങ്കിലും എല്ലാവർക്കും ആത്മനിറവ് ഉണ്ടാകണമെന്നില്ല. ആത്മനിറവ് സാധ്യമാകണമെങ്കിൽ ആയതിനായുള്ള ദാഹവും പ്രാർത്ഥനയും അനിവാര്യമാണ്. ദൈവാത്മാവേ എന്നിൽ നീ നിറഞ്ഞിരിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ദിനംതോറും ഇത് അനിവാര്യമാണ്.
ആരോഗ്യമുള്ളവർ ആരും ആരാധന മുടക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ദൈവത്തെ ആരാധിക്കുന്നത് ഒരു പദവിയായി കണക്കാക്കണം. യേശുക്രിസ്‌തു ആരാധിച്ച സിനഗോഗുകൾക്കും യെരൂശലേം ദൈവാലയത്തിനും ധാരാളം കുറവുകൾ ഉണ്ടായിരുന്നുവെങ്കിലും യേശുവിൻ്റെ ജീവിതത്തിലെ പതിവ് രീതിയായിരുന്നു പള്ളിയിൽ പോകുക എന്നത്. നമ്മിൽ മിക്ക വരുടെയും മാതാപിതാക്കളും ഇത് കാണിച്ച് തന്നവരാണ്. ഈ നല്ല രീതി ജീവിതത്തിൽ നിന്ന് മാറ്റികളയാതിരിക്കുവാൻ നമുക്ക് ഉത്സാഹിക്കാം.
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ
റവ. വിജു വർക്കി ജോർജ്
